Wednesday, 13 April 2011

സമൃദ്ധി നിറഞ്ഞ വിഷുക്കണി നേരുന്നു..



സുഹൃത്തുക്കള്‍ക്ക് സമൃദ്ധി നിറഞ്ഞ വിഷു വിഷുക്കണി നേരുന്നു.  

 

kanikkonna-jnu.jpg

vishu-kani.jpg

 

vishu.jpg

 

ഔദ്യോഗികനാമം വിഷു
ആചരിക്കുന്നത് മലയാളികൾ
തിയതി മേട മാസത്തിലെ ആദ്യ ദിവസം
ചടങ്ങുകൾ വിഷുക്കണി & വിഷുക്കൈനീട്ടം

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു  മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ്‌ ഈ ദിനം.

'പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക' എന്നും മറ്റുമുള്ള പുള്ളുവപ്പാട്ടും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ്‌ കാണിക്കുന്നത്‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

പേരിനു പിന്നില്‍

വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേട വിഷുവും തുലാ വിഷുവും ഉണ്ട്. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം അണു് ഇതിന്‌ കാരണം. പണ്ട്‌ മേഷാദി മേടത്തിൽ ആയിരുന്നു. എന്നാൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്‌. എന്നിട്ടും നമ്മൾ വിഷു ആഘോഷിക്കുന്നത്‌ മേടത്തിൽ ആണ്. ഇതേ പോലെ തുലാദി ഇപ്പോൾ കന്നി രാശിയിൽ ആണ്‌.

ഐതിഹ്യം

രാക്ഷസാധിപത്യം  അവസാനിപ്പിക്കാന്‍  ഭഗവാന്‍ ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ച ദിനം എന്നതാണ് വിഷുവിനെക്കുറിച്ചുള്ള ഐതിഹ്യം.   നരകാസുരനെ ജയിച്ച വിഷ്ണുവിനെ കീര്‍ത്തിക്കുന്നതാണ് വിഷുവാഘോഷം എന്ന് ഐതിഹ്യമുണ്ട്.

ഉത്ഭവം

ആദിദ്രാവിഡാഘോഷങ്ങളിൽ പെട്ട ഒരു ഉത്സവമാണ്‌ വിഷു. മത്സ്യമാംസാഹാരാദികൾ വർജ്ജിച്ചുകൊണ്ടുള്ള ഓണം ബുദ്ധമതസിദ്ധാന്തങ്ങൾക്ക് ചേരുന്നതാണെങ്കിൽ വിഷു അതിന്‌ കടകവിരുദ്ധമാണ്‌. വേട്ടയാടി കാലയാപനം കഴിച്ചിരുന്ന ആദിദ്രാവിഡരുടെ മാംസാഹാരത്തോടുള്ള അഭിരുചി വിഷുആഘോഷങ്ങളിൽ നിഴലിക്കുന്നു. അതിനാൽ ഓണത്തേക്കാൾ പഴക്കമുള്ള ആഘോഷമാണ്‌ വിഷു എന്ന് കരുതുന്നു.

ആചാരങ്ങള്‍

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പ്കൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്‌ . വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌. ഐശ്വര്യസമ്പൂർണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

ചിലയിടങ്ങളിൽ കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും കണിക്ക് വെയ്ക്കാറുണ്ട്‌. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ്‌ പറയുന്നത്‌. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

കുടുംബത്തിലെ കാരണവർ കണികണ്ടവർക്കെല്ലാം കൈനീട്ടം നൽകുന്നു. മുൻപൊക്കെ പൊൻനാണയമായിരുന്നെങ്കിൽ ഇന്ന് അത്‌ പണമായി മാറിയിട്ടുണ്ട്‌.

വിഭവങ്ങള്‍

IMG_0023.JPG

വിഷു ആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഷൗവിന് നിർബന്ധമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്ക ചക്ക. വിഷൗ ദിവസം ചക്കയ്ക്ക് പനസം എന്നു മാത്രമേ പറയാവൂ, വിഷു വിഭവങ്ങളിൽ ചക്ക് എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കും. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്റ്റ്ഹിരിക്കും. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്ക്യുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും. വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങാ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക് എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. കേരളത്തിലെ ചില ഭാഗങ്ങളിൽ ഓണസദ്യയുടേതു പോലെയുള്ള വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കും.

രാവിലെ പ്രാതലിന് ചിലയിടങ്ങളിൽ വിഷുക്കട്ട എന്ന വിഭവവും കാണാറുണ്ട്‌. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് വിഷുക്കട്ട ഉണ്ടാക്കുന്നത്‌. വിഷുക്കട്ടക്ക് മധുരമോ ഉപ്പോ ഉണ്ടാവാറില്ല. ശർക്കര പാനിയോ, മത്തനും, പയറും കൊണ്ടുള്ള കറിയോ ഉപയോഗിച്ചായിരിക്കും ഇത് കഴിക്കുക. തൃശ്ശൂരിലെ വിഷുവിന് വിഷുക്കട്ട നിർബന്ധമാണ്. ഉച്ചക്ക്‌ വിഭവസമൃദ്ധമായ സദ്യ. സദ്യയിൽ മാമ്പഴപുളിശ്ശേരി നിർബന്ധം. ചക്ക എരിശ്ശേരിയോ, ചക്കപ്രഥമനോ കാണണം. ഓണസദ്യയിൽ നിന്ന് വിഷുസദ്യക്കുള്ള വ്യത്യാസവും ഇതു തന്നെ. തൊടികളിൽ ചക്കയും മാങ്ങയും നിറഞ്ഞു നിൽക്കുന്ന കാലമായതുകൊണ്ടാവാമിത്‌.

തലേനാൾ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ കത്തിച്ചുകളയുന്നു. വീട് ശുദ്ധിയാക്കുകയും പുതിയ വർഷത്തെ വരവേൽക്കുയും ആണ് ഇതിന്റെ ഉദ്ദേശം. അതോടെ വീടുകളിൽ പടക്കം പൊട്ടിച്ചു തുടങ്ങുകയായി. ഓലപ്പടക്കം, മാലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മേശപ്പൂത്തിരി, മത്താപ്പ് തുടങ്ങിയ നിറപ്പകിട്ടാർന്നതുമായ വിഷുപ്പടക്കങ്ങൾ കത്തിക്കുന്നത് കേരളത്തിൽ പതിവാണ്. ഇത് വിഷുനാളിലും കാലത്ത് കണികണ്ടശേഷവും വൈകീട്ടും തുടരുന്നു.

കണിക്കൊന്ന

konna7.jpg

വിഷുവുമായി ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ ദേശീയ പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട്‌ ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്‌ കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്‌. എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.

വിഷു ഉത്സവം

മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർ‍ങ്ങക്കാവിലെതാണ്(ചാമക്കാവ്). വിഷു ദിനത്തിൽ കെട്ടുകാഴ്ചകളുമായി വെണ്മണിയിലെ വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിക്കുന്നു. തേര്,കുതിര,കെട്ടുകാളകൾ,എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ചാമക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ചാമക്കാവിലെ മാത്രം പ്രത്യേകതയാണ്.

കാർഷിക വിഭവങ്ങളുടെയും,മറ്റ് ഗ്രാമീണ ഉൽപ്പന്നങ്ങളുടെ വൻ വിപണനം വിഷു ദിനത്തിൽ ഇവിടെ നടത്തപ്പെടുന്നു. വിവിധ കാർഷിക വിളകളുടെ വിത്തുകൾ വാങ്ങുന്നതിന് ദൂരദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്താറുണ്ട്.

വിഷുമാറ്റം

ചേരാനെല്ലൂരിൽ നടക്കുന്ന ഏകദിന വ്യാപാരം വിഷുമാറ്റം എന്നാണ്‌ അറിയപ്പെടുന്നത്. നാണയസമ്പ്രദായം നടപ്പിലാവുന്നതിനു മുന്നേ തന്നെ നടന്നു വന്ന ഈ രീതിക്ക് സംഘകാലത്തോളം പഴക്കമുണ്ട്. അടുത്തുള്ള ചേന്ദമംഗലത്തും ഏലൂരിലും സമാനമായ ആഘോഷം വിഷുനാളിൽ നടത്തപ്പെടുന്നുണ്ട്. കാർഷികവിളകളും കൈകൊണ്ടുണ്ടാക്കുന്ന ഉപഭോഗവസ്തുക്കളുമാണ്‌ ഈ മാറ്റത്തിൽ മുഖ്യമായും പങ്ക് കൊള്ളുന്നത്

വിഷുഫലം

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ "യാവന" എന്നാൺ പറയുക.

സമാന ഉത്സവങ്ങള്‍

ഭാരതത്തിലെ കാർഷികപഞ്ചാംഗത്തിലെ ആദ്യദിനമാണ്‌ കേരളത്തിൽ വിഷു ആയി ആഘോഷിക്കുന്നത്‌. ഭാരതത്തിലെമ്പാടും ഇതേ ദിവസം ആഘോഷങ്ങൾ ഉണ്ട്‌. ഉദാഹരണത്തിന്‌ അസമിലെ ബിഹു. വൈശാഖമാസത്തിലെ ബൈഹാഗ്‌ ആണ്‌ അവർക്ക്‌ ബിഹു. അന്നേ ദിവസം കാർഷികോത്സവത്തിനു പുറമെ നവവത്സരവും, വസന്തോത്സവവും എല്ലാമായി അവർ ആഘോഷിക്കുന്നു. കൃഷിഭൂമിപൂജ, ഗോപൂജ, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകുക, സംഘനൃത്തം എന്നിവയെല്ലാം ബിഹുവിന്റെ ഭാഗമാണ്‌. കൃഷിയിടങ്ങളിലെ പൊലിപ്പാട്ടും, വളർത്തുമൃഗങ്ങളെ കണികാണിക്കലും, കൈനീട്ടം നൽകലും എല്ലാം വിഷുവിലും ഉണ്ട്.

ബീഹാറിലെ ആഘോഷത്തിനും ബൈഹാഗ്‌ എന്നാണ്‌ പറയുക. പഞ്ചാബിൽ ഇതേ സമയം വൈശാഖിയും തമിഴ്‌നാട്ടില്‍  പുത്താണ്ടും ആഘോഷിക്കുന്നു. കർണാടകയിലും ആന്ധ്രാപ്രദേശിലും ഇക്കാലത്ത്‌ ഉഗാദി എന്ന ആഘോഷം കൊണ്ടാടുന്നു. യുഗ-ആദി ആണ്‌ ഉഗാദി ആയത്‌, അർത്ഥം ആണ്ടുപിറപ്പ്‌ എന്നു തന്നെ.

അവലംബം: വിക്കിപീഡിയ

26512vishukkani1217041266.jpg




No comments: