Thursday, 18 March 2010

വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച അഥവാ വാലന്റെന്‍സ് ഡേ!
മാന്യരെ,

വര്‍ഷം തോറും നടത്തി വരുന്ന ബഹു: വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച ഈ വര്‍ഷവും ഫിബ്രവരി 14 നു പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ച വിവരം ഏവരേയും അറിയിച്ച് കൊള്ളുന്നു. അന്നേ ദിവസം പ്രേമക്കത്തെഴുതി കൊടുക്കല്‍, കാമുകീ കാമുകന്മാര്‍ ചീരനി (ഗിഫ്റ്റ്) പരസ്പരം കൈമാറല്‍, സമൂഹ വിവാഹം തുടങ്ങീ ചടങ്ങുകളും നടത്തപ്പെടുന്നു. കൂടാതെ കുറ്റിപ്പാല ഹൈദ്രോസ്, പാലത്തറ ബീരാന്‍, പെരക്കകത്ത് കുഞ്ഞി വാപ്പു തുടങ്ങീ ഗജ വീരന്മാര്‍ അണി നിരക്കുന്ന ഗംഭീര എഴുന്നള്ളിപ്പും സുലൈമാനി ബാന്‍ഡ് സംഘത്തിന്റെ വാദ്യഘോഷവും എഴുന്നള്ളിപ്പിന് മിഴിവേകുന്നു. അന്നേ ദിവസം വൈകീട്ട് കുമാരി അമലാ ഭീഗം നടത്തുന്ന “വാലന്റവിട മുസ്ല്യാര്‍ ചരിത്രം” എന്ന സിനിമാറ്റിക്ക് കഥാപ്രസംഗവും ഉണ്ടായിരിക്കുന്നതാണ്. തദവസരത്തില്‍ എല്ലാ നല്ലവരായ കാമുകീ കാന്മുകന്മാരും ഈ പരിപാടിയില്‍ പങ്കെടുത്ത് ഇതൊരു വന്‍ വിജയമാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

വാലന്റവിട മുസ്ലിയാരുടെ ചരിത്രം :
കൊല്ല വര്‍ഷം ആയിരെത്തെണ്ണൂറ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വെള്ളിയാഴ്ച. അന്നാണ് വാലന്റവിട മുസ്ല്യാര്‍ അഥവാ മുസ്:വാലന്റന്‍ അറവുകാരന്‍ അന്ത്രുക്കാടെ മകള്‍ കുഞ്ഞിപ്പാത്തുവിനെ ആദ്യമായി കാണുന്നത്.അന്നൊരു ഫിബ്രവരി മാസം പതിനാലായിരുന്നു. അന്നാട്ടിലെ ഒരു മദ്രസയില്‍ കുട്ടികളെ ഓത്തിനിരുത്താന്‍ വന്നതാണ് മുസ്: വാലന്റന്‍,സുന്ദരന്‍ സുമുഖന്‍! കുഞ്ഞിപ്പാത്തുവും സൌന്ദര്യത്തിന്റെ കാര്യത്തില്‍ തികഞ്ഞ ഒരു കേമിയായിരുന്നു. അന്നാട്ടിലെ പേരു കേട്ട അറവു കാരന്റെ ‘പേരു കേട്ട’ മകള്‍ ! അതായിരുന്നു കുഞ്ഞിപ്പാത്തു. തന്റെ മുടിഞ്ഞ സൌന്ദര്യം ഒരു ശാപമായി മാറിയ കുഞ്ഞിപ്പാത്തു പുഴക്കടവില്‍ കുളിക്കാനോ അലക്കാനോ പോകുമായിരുന്നില്ല, അലക്കല്‍ മുഴുവന്‍ വീട്ടില്‍ തന്നെ അതിനു ശേഷം കുളിയും.

കുഞ്ഞിപ്പാത്തുവിന്റെ ജിന്നിന്റെ പോലുള്ള ആ സൌന്ദര്യത്തില്‍ മതി മറന്ന് അവള്‍ പോലും അറിയാതെ മുസ്:വലന്റന്‍ അവളെ പ്രേമിക്കാന്‍ തുടങ്ങി. വല്ലപ്പോഴും അന്ത്രുക്കാടെ വീട്ടില്‍ ചിലവിന് (അന്നും മുസ്ല്യാകന്മാര്‍ക്ക് ഓരോ വീടുകളില്‍ നിന്നും ഫ്രീ ഫുഡ് ആന്‍ഡ് പള്ളിയില്‍ അക്കോമഡേഷന്‍ സമ്പ്രദായം ഉണ്ടായിരുന്നു.ഇത് ‘ചിലവു’ എന്നാണ് ഇന്നും അറിയപ്പെടുന്നത്) പോകുമ്പോള്‍ വാതില്‍ പഴുതിലൂടെ ഒളിഞ്ഞ് നോക്കി കുഞ്ഞിപ്പാത്തുവിന്റെ ശരീര ഭാഗങ്ങള്‍ കാണുമായിരുന്നു. ഓരോ ചിലവു കഴിയുമ്പോഴും മുസ്:വാലന്റന്‍ ഓരോ :ബൈത്ത്’(കവിത) എഴുതുമായിരുന്നു. അപ്പോള്‍ കുഞ്ഞിപ്പാത്തുവിനെ മുഴുവന്‍ കണ്ടിരുന്നെങ്കില്‍ ഒരു ‘കണ്ട കാവ്യം‘ തന്നെ മുസ്:വാലന്റന്‍ എഴുതിയേനെ! പടച്ചോന്‍ കാത്തു. അങ്ങിനെ അന്ന് ഒരു ചിലവിനു ശേഷം എഴുതിയ ഒരു ബൈത്ത് അറബിയില്‍ എഴുതിയത് ഇപ്രകാരമായിരുന്നു,

"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ,
അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍,
വമാ മിനല്‍ അമല ആയിക്കീന്‍,
അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”

ചരിത്ര കാരന്മാര്‍ പിന്നീട് വളരെ പാട് പെട്ടാണ് ഇതിനൊരു അര്‍ത്ഥം കണ്ടെത്തിയത്. അവര്‍ ഈ ചരിത്ര മുഹൂര്‍ത്തത്തിന്റെ തിരു ശേഷിപ്പുകള്‍ അര്‍ത്ഥമാക്കിയത് ഇപ്രകാരമായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു!
"അല്‍ കുഞ്ഞിപ്പാത്തുലൂ പാത്ത് കുഞ്ഞീ"
മഹാനായ മുസ്:വാലന്റന്‍ കുഞ്ഞിപ്പാത്തു എന്ന സൌദര്യ ദാമത്തെ കാണുന്ന ആ ശുഭ മുഹൂര്‍ത്തമാണു കവി കൂടിയായ മുസ്ല്യാര്‍ ഇവിടെ വര്‍ണ്ണിച്ചിരിക്കുന്നത്.ചിലവിനു പോയ മുസ്ലിയാര്‍ കുഞ്ഞിപ്പാത്തുവിനെ കാണുന്നു. അതാണിവിടെ സന്ദര്‍ഭം.അതിവിടെ വളരെ സൌന്ദര്യമുള്ള വാക്കുകളിലൂടെ കവി വരച്ച് കാട്ടുന്നു.

അതിനു ശേഷം കവി പറയുന്നത് “അല്‍ കുല്‍തും സായിക്കീന്‍ സായിക്കീന്‍” എന്നാണ്, എന്താണു കവി പറയുന്നത്? അല്‍കുല്‍തും സായിക്കീന്‍ , അതായത് കുഞ്ഞിപ്പാത്തുവിനെ കണ്ട് അല്‍കുല്‍ത്തായി ഒന്നും സാധിക്കുന്നില്ല സാധിക്കുന്നില്ല എന്ന്! അതായത് കുഞ്ഞിപ്പാത്തു എന്ന സൌദര്യ ദാമത്തിന്റെ മുടിഞ്ഞ സൌദര്യത്തില്‍ മയങ്ങി കവി അല്കു‍ല്‍ത്തായി പിന്നെ ഒന്നും സാധിക്കുന്നില്ല!അടുത്ത വരി ശ്രദ്ധിക്കൂ, “വമാ മിനല്‍ അമല ആയിക്കീന്‍”! വമാ = വരുവിന്‍, മിനല്‍ അമല ആയിക്കീന്‍, അതായത് അമലയിലേക്ക് കൊണ്ട് പോയി അവിടെ ആയിക്കീന്‍ എന്ന് പറഞ്ഞാല്‍ അവിടെ അഡ്മിറ്റ് ചെയ്യുവിന്‍ എന്ന്.അപ്പോള്‍ അമല ഇവിടെ ആശുപത്രിയാണെന്ന് നമ്മള്‍ മനസ്സിലാക്കണം!(അമല ആശുപത്രി അന്ന് മെഡിക്കല്‍ കോളേജല്ല!)

"അല്‍ അറ്റാക്ക് ലി മിന്നറ്റാക്ക്-ലീനാ!”
ഈ വരികളിലൂടെ മുസ്ലിയാരുടെ സ്നേഹ സമ്പന്നമായ ഹ്യദയമാണു വെളിവാകുന്നത്! കുഞ്ഞിപ്പാത്തുവിനെ കണ്ട് അറ്റാക്ക് വന്ന മുസ്ലിയാര്‍ ആശുപത്രിക്കിടയില്‍ വെച്ചും വളരെ സ്നേഹ നിര്‍ഭരമായി തന്റെ അടുത്ത് നില്‍ക്കുന്ന നേര്‍സിനെ സ്നേഹത്തോടെ വിളിക്കുന്നു “ലീനാ” എന്ന്.അത്രയ്ക്കും സ്നേഹ സമ്പന്നനായിരുന്നു മുസ്ലിയാര്‍! സ്നേഹ സ്വരൂപന്‍.പ്രേമിക്കുന്ന മനസ്സുകളുടെ വിശ്വ രൂപന്‍!ആധുനിക കാലത്തിന്റെ പ്രേം ചോപ്ര!ദി ഗ്രേറ്റ് വാലന്റവിട മുസ്ലിയാര്‍

ഈ സംഭവത്തിനു ശേഷമാണ് കാമുകീ കാമുകന്മാര്‍ ഇഷ്ടപ്പെട്ടവര്‍ക്ക് ബൈത്ത് (കവിത) അല്ലെങ്കില്‍ പ്രേമ ലേഖനം എഴുതിക്കൊടുക്കാന്‍ തുടങ്ങിയത്. അത് ഇന്നും തുടരുന്നു.അങ്ങിനെ മുസ്:വാലന്റന്‍ കുഞ്ഞിപ്പാത്തുവിനെ കാണുമ്പോഴൊക്കെ ബൈത്ത് എഴുതുന്ന വിവരം കുഞ്ഞിപ്പാത്തുവിന്റെ വാപ്പ അറവു അന്ത്രുക്ക അറിഞ്ഞു. അറിഞ്ഞ ഉടന്‍ അന്ത്രുക്ക ഒരു പോത്തിനെ അധികം അറുത്ത് വിറ്റു! ആ ചോര പുരണ്ട കത്തിയുമായി അന്ത്രുക്ക നേരെ മുസ്ലിയാരുടെ മദ്രസയുടെ മുന്നില്‍ ചെന്ന് അറക്കാന്‍ പിടിച്ച് പോത്തിനെപ്പോലെ അമറി! ഈ സമയം തന്റെ കുഞ്ഞിപ്പാത്തുവിനു ചീരനിയായി(ഗിഫ്റ്റായി) കൊടുക്കാന്‍ ഒരു നാല് ഗ്ലൂക്കോസ് ബിസ്കറ്റും ഒരു കഷ്ണം അലുവാതുണ്ടും ഒരു പട്ടുറുമാലില്‍ പൊതിയുകയായിരുന്നു മുസ്ലിയാര്‍. അറവ് അന്ത്രുക്കാടെ വരവില്‍ എന്തോ പന്തികേട് തോന്നിയെങ്കിലും മദ്രസയുടെ ഉള്ളില്‍ നിന്നും പുറത്ത് കടക്കാന്‍ വേറെ വാതില്‍ ഇല്ലാത്തത് കൊണ്ടും മുസ്:വാലന്റവിടന്‍ പട്ടുറുമാലില്‍ പൊതിഞ്ഞ ചീരനിപ്പൊതിയുമായി മെല്ലെ അന്ത്രുക്കാടെ മുന്നിലേക്ക് ചെന്നു.

തന്റെ മുന്നില്‍ അറക്കാന്‍ കിടക്കുന്ന പോത്തിനെ നോക്കും പോലെ നോക്കിക്കൊണ്ട് അന്ത്രുക്ക അലറി,” കുട്ടികള്‍ക്ക് ഓത്ത് പഠിപ്പിക്കാന്‍ വന്ന മുസ്ലിയാര് എന്റെ മോള്‍ക്ക് ബൈത്ത് പഠിപ്പിക്കുന്നോ? ഇജ്ജ് ഓത്ത് പഠിപ്പിച്ചാ മതി ഇലാ ഇലുവൊന്നും പഠിപ്പിക്കണ്ട ! (ഈ ഇലു പിന്നീട് ചരിത്രകാരന്മാര്‍ ‘ഐ ലവ് യൂ’ എന്നതിന്റെ ചുരുക്കപ്പേരായിരുന്നെന്ന് രേഖപ്പെടുത്തുന്നു.അതിനു ശേഷമാണ് ILU കാമുകീ കാമുകന്മാര്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു)
അന്ത്രുമാന്റെ കയ്യിലെ ചോരപുരണ്ട കത്തി കണ്ട് പേടിച്ച് വിറക്കുന്നുണ്ടെങ്കിലും ധൈര്യത്തോടെ മുസ്:വാലന്റന്‍ അന്ത്രുക്കാട് അപേക്ഷിച്ചു, “ ലാ കുല്‍ മിനള്ളാ” (പടച്ചോനെയോര്‍ത്ത് എന്നെ കൊല്ലരുത്)
പക്ഷേ ദുഷ്ടനായ രാജാവിനെപ്പോലെ അന്ത്രുക്ക മുസ്:വാലന്റവിടനെ ആഞ്ഞ് വെട്ടി തുണ്ടം തുണ്ടമാക്കി മയ്യത്താക്കി.അന്ന് ഒരു ഫിബ്രവരി മാസം പതിനാലാം തിയതിയായിരുന്നു! അതോടെ മുസ്:വാലന്റന്‍ പ്രേമത്തിനു വേണ്ടി ശഹീദായി! ഒരു പ്രേമ ശഹീദ്!,ലോകത്തില്‍ പ്രണയത്തിനു വേണ്ടി നടന്ന ആദ്യത്തെ മരണം അന്ന് സംഭവിച്ചു! മരിച്ച് വീണ മുസ്ലിയാര്‍ കുഞ്ഞിപ്പാത്തുവിനു കൊടുക്കാനുള്ള പട്ടുറുമാലില്‍ പൊതിഞ്ഞ ചീരനി ചോരയില്‍ മുങ്ങി ചുവന്ന നിറാമായി.ആ ചീരനിപ്പൊതി അനാഥമായി ആ മദ്രസയുടെ മുറ്റത്ത് കിടന്നു. തന്റെ പ്രേമ ഭാജനമായ കുഞ്ഞിപ്പാത്തുവിന് വേണ്ടി വാലന്റവിട മുസ്ലിയാര്‍ തയ്യാറാക്കിയ ചീരനി.മുസ്ലിയാര്‍ അന്ത്രുക്കാടെ വെട്ട് കൊണ്ട് പ്രേമ ശഹീദായതിന്റെ ഓര്‍മ്മയ്ക്കായാണ് പിന്നീട് വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ച എല്ലാ വര്‍ഷവും ഫിബ്രവരി 14ന് ആഘോഷിക്കുന്നത്!

വാലന്റവിട മുസ്ലിയാരെ പിന്നീട് പ്രേമിക്കുന്നവര്‍ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തുകയും പിന്നീട് മുസ്ലിയാരുടെ ശഹീദ് ദിവസമായ ഫിബ്രവരി 14 പ്രേമിക്കുന്നവര്‍ ആഘോഷിക്കുകയും,അന്ന് മുസ്ലിയാര്‍ക്ക് കുഞ്ഞിപ്പാത്തുവിനു കൊടുക്കാന്‍ കഴിയാത്ത ചീരനി ഇന്ന് ഗിഫ്റ്റ് എന്ന പേരില്‍ കൊടുക്കാനും തുടങ്ങി.ചീരനിയില്‍ ചോര പുരണ്ട ഓര്‍മ്മയ്ക്ക് പ്രേമ ഭാജനങ്ങള്‍ ഗിഫ്റ്റുകള്‍ക്കും മറ്റും ചുവപ്പ് നിറം കൊടുക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് പോരുന്നു. ഇന്നേ ദിവസം തന്നെ ഗിഫ്റ്റ് കൈമാറാനും,മുസ്ലിയാര്‍ എഴുതിയ ബൈത്തിന്റെ ഓര്‍മ്മയ്ക്കായി പ്രേമ ലേഖനങ്ങള്‍ കൈമാറാനും കമിതാക്കള്‍ തിരഞ്ഞെടുത്ത് പോരുന്നു. ആയതിനാല്‍ എല്ലാവരും വാലന്റവിട മുസ്ലിയാരുടെ ആണ്ട് നേര്‍ച്ചയുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചീരനി കൈമാറുകയും പ്രേമ ലേഖനങ്ങള്‍ കൈമാറുകയും ചെയ്യണമെന്ന് വാലന്റവിട മുസ്ലിയാരുടെ പേരില്‍ അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.

ഈ പരിപാടി ഒരു വന്‍ വിജയമാക്കാന്‍ എല്ലാ നല്ലവരായ ജനങ്ങളോടും കമ്മറ്റി ഭാരവാഹികള്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.
എന്ന്,
പ്രസിഡന്റ്
വാലന്റവിട മുസ്ലിയാര്‍ ആണ്ട് നേര്‍ച്ച ആഘോഷക്കമ്മറ്റി!

NB: സംഭാവനകള്‍ പിരിക്കാന്‍ ഞങ്ങള്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. സംഭാവനകള്‍ എല്ലാവരും നേരിട്ട് പ്രസിഡന്റിനെ ഏല്‍പ്പിച്ച് ചീരനി കൈപറ്റേണ്ടതാകുന്നു

No comments: