Saturday, 14 May 2011

സമനിലയോടെ മാഞ്ചസ്റ്ററിന് കിരീടം

സമനിലയോടെ മാഞ്ചസ്റ്ററിന് കിരീടം

സമനിലയോടെ മാഞ്ചസ്റ്ററിന് കിരീടം

ലണ്ടന്‍: പോരാട്ടങ്ങളുടെ ഉല്‍സവകാലത്തിന്  കൊടിയിറങ്ങാന്‍ ഒരു മത്സരം കൂടി ശേഷിക്കെ ഇംഗ്ലീഷ് ഫുട്ബാള്‍ മാനത്ത് വീണ്ടും ചുവപ്പന്‍ നക്ഷത്രത്തിളക്കം. ഓള്‍ഡ് ട്രഫോഡിലെ ഷെല്‍ഫിലേക്ക് 19ാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടമെത്തിച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡും കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസനും ഒരിക്കല്‍ക്കൂടി താരമായി.
കിരീടമുയര്‍ത്താന്‍ ഒരു പോയന്റ് മാത്രം മതിയെന്ന നിലയില്‍ ബ്ലാക്‌ബേണ്‍ റോവേഴ്‌സിനെതിരെ ഇറങ്ങിയ യുനൈറ്റഡ് 1-1ന്റെ സമനിലയോടെയാണ് കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിച്ചത്. 37 കളിയില്‍ നിന്ന് 22 ജയവും 11 സമനിലയും നാല് തോല്‍വിയുമായി 77 പോയന്‍േറാടെയാണ് മാഞ്ചസ്റ്ററിന്റെ കിരീടധാരണം. രണ്ടാം സ്ഥാനത്തുള്ള ചെല്‍സിക്ക് 36 മത്സരങ്ങളില്‍നിന്ന് 70 പോയന്റാണുള്ളത്. ഇത്രയും മത്സരങ്ങളില്‍നിന്നുതന്നെ 67 പോയന്റുള്ള ആഴ്‌സനലാണ് മൂന്നാം സ്ഥാനത്ത്. മാഞ്ചസ്റ്ററിന് ഒരു മത്സരം ശേഷിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് രണ്ട് മത്സരം കൂടി ബാക്കിയുണ്ട്. 18 തവണ ചാമ്പ്യന്മാരായ ലിവര്‍പൂളിനൊപ്പമായിരുന്നു യുനൈറ്റഡിന്റെ സ്ഥാനം. 1990ലാണ് ലിവര്‍പൂള്‍ അവസാനമായി കിരീടം ചൂടിയത്. മാഞ്ചസ്റ്ററിന്റെ തന്ത്രങ്ങളുടെ തമ്പുരാന്‍ ഫെര്‍ഗൂസന്റെ 12ാം പ്രീമിയര്‍ലീഗ് കിരീടം കൂടിയാണിത്.  
ഏറെ നാടകീയതകള്‍ നിറഞ്ഞ മത്സരത്തില്‍ 20ാം മിനിറ്റില്‍ ബ്ലാക്‌ബേണ്‍ നേടിയ ഗോളിനു പിന്നിട്ടുനിന്നശേഷം വെയ്ന്റൂണിയുടെ പെനാല്‍റ്റിയിലൂടെ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റര്‍ കിരീടത്തിലേക്ക് ആവശ്യമുള്ള ഒരു പോയന്റ് സമനിലയിലൂടെ നേടിയത്. മാഞ്ചസ്റ്റര്‍ താരം യാവിയര്‍ ഹെര്‍ണാണ്ടസിനെ ബ്ലാക്‌ബേണ്‍ ഗോള്‍ കീപ്പര്‍ വീഴ്ത്തിയതിന് ലഭിച്ചതായിരുന്നു പെനാല്‍റ്റി. ഇന്നലെ നടന്ന മറ്റുമത്സരത്തില്‍ ബ്ലാക്പൂള്‍ 4-3ന് ബോള്‍ട്ടന്‍ വാണ്ടേഴ്‌സിനെയും വോള്‍വര്‍ ഹാംപ്ടന്‍ 3-1ന് സണ്ടര്‍ലാന്‍ഡിനെയും വെസ്റ്റ് ബ്രോംവിച്ച് 1-0ത്തിന് എവര്‍ട്ടനെയും തോല്‍പിച്ചു. ലിവര്‍പൂള്‍ ഇന്ന് ടോട്ടന്‍ഹാമിനെയും ചെല്‍സി ന്യൂകാസില്‍ യുനൈറ്റഡിനെയും നേരിടും.

No comments: