Thursday, 2 September 2010

ആദ്യ പ്രണയം...............



പ്രണയത്തെ കുറിച്ച് ഒരു 5 വര്‍ഷം മുമ്പാണ് നിങ്ങളെന്നോട് ചോദിച്ചിരുന്നതെങ്കില്‍ ഉറച്ച ഹൃദയവുമായി നിര്‍വികാര വാക്കുകളില്‍ ഞാന്‍ ഇങ്ങനെ ഒതുക്കിയേനെ " എന്തിനു വെറുതെ ഇതിന്റെ പേരില്‍ നാം സമയം ചിലവിടുന്നു...എന്തിനു നാം വെറുതെ നമ്മെ തന്നെ നോവിക്കുന്നു?"
പക്ഷെ , എന്‍റെ ജീവിതത്തില്‍ പ്രണയം എന്തെന്ന് ഞാന്‍ അറിയണമെന്നും ഉറച്ച എന്‍റെ ഹൃദയത്തിന്റെ പൊള്ളത്തരങ്ങള്‍ എനിക്കുതന്നെ ബോധ്യമാക്കണമെന്നും നിശ്ചയിച്ച ആ ശക്തി അതിന്‍റെ വേദന എന്തെന്നും എനിക്ക് വ്യക്തമാക്കിതന്നു. നവംബര്‍ മാസത്തിലെ ഒരുച്ചക്ക് വഴിതെറ്റി വന്ന ഒരു മിസ്സഡ് കാള്‍ .... തിരിച്ചു വിളിച്ചപ്പോള്‍ കേട്ട നിഷ്കളങ്കമായ ക്ഷമാപണം... വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതെല്ലാം ഇന്നലെ കഴിഞ്ഞപോലെ... പരിമിതമായ സൗഹൃദവും അതിനെല്ലാം പവിത്രതയും കല്‍പ്പിച്ച എനിക്ക് എപ്പോഴാണ് പിഴച്ചത്? മിനുട്ടുകള്‍ മാത്രമായിരുന്ന സൗഹൃദം മണിക്കൂറുകള്‍ക്കു വഴിമാറിയപ്പോഴോ? എന്‍റെ ഹൃദയം അവള്‍ തുറക്കാന്‍ തുടങ്ങിയപ്പോഴോ? അതോ എന്‍റെ ചിന്തകളില്‍ അവള്‍ മാത്രമായി ഒതുങ്ങിയപ്പോഴോ?... അറിയില്ല. രാത്രിയുടെ ഏതോ യാമത്തില്‍ എന്‍റെ പ്രണയം ഞാന്‍ അറിയിച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ത്ത അവളോട് എനിക്ക് പ്രണയം കൂടുകയായിരുന്നു. ഞാന്‍ എന്നെ സ്വയം നിയന്ത്രിക്കാന്‍ ശ്രമിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു മാസത്തെ ട്രെയിനിങ്ങിനായി പോകേണ്ടി വന്നപ്പോള്‍ അതൊരു മാനസികമായ മാറ്റമാകുമെന്ന് ഞാന്‍ കരുതി. പോകുന്നതിനു മുന്പ് ഞാന്‍ അവളോട് ഞാന്‍ യാത്ര പറഞ്ഞു. അവളുടെ പതിഞ്ഞ മൂളലിന്റെ അര്‍ഥം എന്തായിരുന്നു എന്ന് ഞാന്‍ പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ട്രെയിന്‍ യാത്രയില്‍ കേരളം വിടുന്ന വരേയ്ക്കും വന്ന കാളുകള്‍ക്ക് ഞാന്‍ മറുപടി നല്‍കിയില്ല. അവളോട് എന്നെന്നെക്കുമായാണ് ഞാന്‍ യാത്ര പറഞ്ഞതെന്ന് അവള്‍ അറിഞ്ഞിരുന്നോ?. റോമിംഗ് സൌകര്യമുള്ള എന്‍റെ നമ്പറിനു തല്‍കാലം ഒരു മാസത്തെ അവധി ഞാന്‍ കൊടുത്തു. പിന്നീട് എന്നെ നിയന്ത്രിക്കാന്‍ എനിക്ക് വളരെ കഷ്ടപ്പെടേണ്ടി വന്നു. ഓരോ ദിവസങ്ങളിലും ട്രെയിനിംഗ് കഴിഞ്ഞു റൂമില്‍ വരുമ്പോള്‍ അവളെ വിളിക്കാന്‍ എന്‍റെ മനസ്സ് മന്ത്രിച്ചിരുന്നു. എന്നിട്ടും മനസ്സിന്‍റെ കടിഞ്ഞാന്‍ മുറുകെ പിടിച്ചു.
തിരിച്ചു വരുമ്പോള്‍ മനസ്സിന് ഒരല്‍പം ആശ്വാസം ലഭിച്ചു. രാത്രി 8 മണിക്ക് പാലക്കാട്‌ സ്റ്റേഷന്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഞാന്‍ സ്വിച്ച് ഓണ്‍ ചെയ്തു. അപ്പോള്‍ തുടര്‍ച്ചയായി എനിക്ക് ലഭിച്ച 6 മെസ്സേജുകള്‍ എന്‍റെ മനസ്സില്‍ വീണ്ടും പ്രണയത്തിന്റെ പൂക്കള്‍ വിരിയിച്ചു. എന്‍റെ അഭാവം അവളിലുണ്ടാക്കിയ വിരഹ വേദന അവള്‍ മൊബൈല്‍ സന്ദേശമായി അയച്ചിരിക്കുന്നു. അവസാന മെസ്സേജില്‍ അവള്‍ അവള്‍ ഇങ്ങനെ കൂടി എഴുതി ചേര്‍ത്തിരുന്നു... " എനിക്ക് നിന്നെ പിരിയാന്‍ വയ്യ. ദയവായി എന്നെ തനിച്ചാക്കരുത്, എന്‍റെ സാഹചര്യം എന്ത് തന്നെ ആയാലും". പിന്നീട് പ്രണയം എന്തെന്നും സ്നേഹത്തിന്റെ ശക്തി എന്തെന്നും ഞാന്‍ അറിഞ്ഞു. ഞങ്ങളുടെ ഹൃദയം കൂടുതല്‍ അടുക്കുകയായിരുന്നു...
എന്‍റെ പ്രണയത്തിന്റെ പൂക്കാലത്തിനു കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് ആ സത്യം ഞാന്‍ അറിഞ്ഞു. അവള്‍ മംഗല്യം മുന്‍പേ നിശച്ചയിക്കപ്പെട്ടിരിക്കുന്നു!!! അതിനാലാണ് എന്‍റെ പ്രണയം ആദ്യം അവള്‍ നിരസിച്ചത്. എന്‍റെ ഹൃദയം നുറുങ്ങുന്ന വേദന ഞാന്‍ അറിഞ്ഞു... അവള്‍ക്കിനി എന്നെ പിരിയാന്‍ വയ്യ... പക്ഷെ എല്ലാം വൈകിപ്പോയിരിക്കുന്നു.... എന്‍റെ കൂടെ വരും എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു ....ഇല്ല...അതു പാടില്ല.....സിനിമ പോലെ അല്ലല്ലോ ശരിക്കുള്ള ജീവിതം...ഇതായിരിക്കും എന്‍റെ വിധി.....ഞാന്‍ സമാധാനിച്ചു...അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു...അവസാനം ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു...ഒരിക്കലും കാണാതിരിക്കാന്‍ ശ്രമിക്കും എന്ന് വരെ ഇരുവരും തീരുമാനിച്ചു. എല്ലാ വേദനകള്‍ക്കും ഒരു വിരാമമിട്ടുകൊണ്ട് ഞാന്‍ ഗള്‍ഫിലേക്ക് പറന്നു....
ഇന്ന് ഏപ്രില്‍ 29, 2010 ... എന്‍റെ പ്രവാസ ജീവിതത്തിനു 2 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 3 ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍റെ കല്യാണം നിശ്ചയിച്ചിരിക്കുന്നു.. ഓഗസ്റ്റ് 1. ഇന്നലെ മുതല്‍ നാട്ടില്‍ നിന്ന് തുടര്‍ച്ചയായി ഒരു നമ്പറില്‍ നിന്ന് കാള് വന്നു കൊണ്ടിരിക്കുന്നു . ഇന്നലെ മുതല്‍ അവളെ ഒന്ന് വിളിക്കാന്‍ മനസ്സ് പറയുന്നു....ഒരു കാലത്ത് എന്‍റെ എല്ലാമെല്ലാമായിരുന്ന അവളെ എന്‍റെ ജീവിതത്തിന്‍റെ പ്രധാനപ്പെട്ട ഒരു മുഹൂര്തത്തെ കുറിച്ച് അറിയിക്കാതിരിക്കാന്‍ എനിക്കായില്ല...അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകണം ...ഒന്നോ രണ്ടോ കുട്ടികളും ഉണ്ടായിരിക്കും....ഇങ്ങനെ ഞാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ഇന്ന് രാവിലെ ആ കാള്‍ വീണ്ടും എനിക്ക് വന്നു...അറ്റന്‍ഡ് ചെയ്തപ്പോള്‍ ഞാന്‍ ആകെ ഞെട്ടിപ്പോയി ... മറുതലക്കല്‍ അവള്‍!!! രണ്ടര വര്‍ഷത്തിനു ശേഷം ഞാന്‍ കേള്‍ക്കുന്ന അവളുടെ ശബ്ദം... എനിക്ക് വിശ്വസിക്കാന്‍ ആയില്ല.....മനസ്സുകള്‍ തമ്മില്‍ അത്രക്ക് ഒരുകാലത്ത് ചേര്‍ന്നത്‌ കൊണ്ടാണോ ഇങ്ങനെ? ..... അല്പനേരത്തെ അമ്പരപ്പിന് ശേഷം ഞങ്ങള്‍ സംസാരിച്ചു.....ഒരുപാട് നേരം.... പക്ഷെ രണ്ടുപേരും പഴയ കാര്യങ്ങള്‍ സംസാരിച്ചില്ല .... അതിനാല്‍ സംഭാഷണം നീട്ടികൊണ്ട് പോകാന്‍ ഞങ്ങള്‍ക്കായില്ല...അവസാനം ഞാന്‍ അവളോട് പറയാനുള്ള കാര്യം പറയാന്‍ തുടങ്ങിയതും അവള്‍ പറഞ്ഞു " 3 ദിവസങ്ങള്‍ കഴിഞ്ഞാല്‍ എന്‍റെ കല്യാണമാണ്.... ചില കാരണങ്ങളാല്‍ ഇത്രയും നീട്ടി വെക്കേണ്ടി വന്നു....എനിക്ക് നിന്നെ അറിയിക്കാതിരിക്കാന്‍ കഴിഞ്ഞില്ല"... ഞാന്‍ എന്ത് പറയണം എന്നറിയാതെ മിണ്ടാതെ നിന്നൂ . ഇത് തന്നെയല്ലേ ഞാന്‍ പറയാന്‍ തുടങ്ങിയത്? ......ഞാന്‍ ഒന്നും പറഞ്ഞില്ല...എല്ലാ ഭാവുകങ്ങളും നേര്‍ന്നു....
പ്രണയം ...............അത് ഞാന്‍ അനുഭവിക്കനമെന്നും ....അതിന്‍റെ നോവ്‌ ഞാന്‍ അറിയണമെന്നും മുന്‍കൂട്ടി നിശ്ചയിച്ചതാവാം....എന്‍റെ പ്രണയം മരിച്ചിരിക്കുന്നു.....അതിനൊരു പുതുജീവന്‍ നല്‍കാന്‍ ഇനി പുതുതായി വരുന്ന അവള്‍ക്കാകുമോ?.....ആര്‍ക്കറിയാം....എങ്കിലും എന്‍റെ ആദ്യ പ്രണയിനിക്ക് എന്‍റെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.....ദീര്‍ഖ സുമംഗലീ ഭവ...


അറിയാതെ നിന്നെ ഞാന്‍ വാരിപ്പുനെര്‍ന്നെന്റെ
ആത്മാവിനുള്ളില്‍ അടക്കി വെച്ചു...
ഒരു പനിനീര്‍ പൂവിന്റെ കുളിരായി നീ എന്‍റെ
ഹൃദയത്തെ എന്നും പുണര്‍ന്നു നിന്നു....
എന്‍റെ ഹൃദയത്തെ എന്നും പുണര്‍ന്ന നിന്നു.....



No comments: