Thursday, 18 March 2010

വിപരീത കാലേ വിനാശ ബുദ്ധി!

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാല്‍ പിന്നെ ഒരു ജീവ പര്യന്തം ശിക്ഷ കഴിഞ്ഞ് പുറത്ത് വരുന്നത് പോലായിരുന്നു പലര്‍ക്കും എന്ന പോലെ എനിക്കും. എന്നെക്കാള്‍ ഒരു വര്‍ഷം മുമ്പ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ കൂട്ടുകാരായ മുത്തുവും മോനുവും ലേബര്‍ റൂമില്‍ നിന്നും കുഞ്ഞിനെ തരുന്നത് കാത്തിരിക്കുമ്പോലെ എനിക്കായി കാത്തിരുന്നു. ആ കാത്തിരിപ്പിനിടയില്‍ അവര്‍ തുടര്‍ന്ന് പഠിക്കാന്‍ തന്നെ മറന്ന് പോയി എന്ന് മുള്ളൂര്‍ക്കരയിലെ ഭഗവതി വിലാസം ഹോട്ടലീന്ന് ചൂട് ദോശ വാങ്ങിക്കൊടുക്കുമ്പോഴൊക്കെ അവര്‍ പറയാറുണ്ടായിരുന്നു. പകരമായി അവര്‍ പത്താം ക്ലാസിലെ രണ്ട് പരീക്ഷ എഴുതാത്ത കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല.ഇന്നും അതൊരു രഹസ്യമായി ഞാന്‍ സൂക്ഷിക്കുന്നു.

കാര്യങ്ങളൊക്കെ തകിടം മറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. കുവൈറ്റില്‍ ‘ഗള്‍ഫ് യുദ്ധം’ വന്നപ്പോള്‍ അത് വരെ കിട്ടിക്കൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങളുടെ ഉറവകള്‍ വറ്റി. കുവൈറ്റിലുള്ള എളാപ്പ തിരിച്ചു വന്നു. എന്തേങ്കിലും സഹായം ചോദിക്കാമെന്ന് വെച്ച് ചെന്നാല്‍ ദുരിതാശ്വാസം ചോദിച്ച് കേന്ദ്രത്തില്‍ ചെല്ലുന്ന കേരളം അനുഭവിച്ച് പോരുന്ന പോലെയുള്ള ഒരു അവഗണന പരക്കെ അനുഭവപ്പെട്ടിരുന്നു.അങ്ങിനെ ആനന്ദകരമായ ഒരു ജീവിതം പെട്ടെന്നൊരു പട്ടിണി മരണത്തില്‍ കലാശിക്കും എന്ന ഒരു കടുത്ത ആലോചനയില്‍ നിന്നാണ് എന്തേങ്കിലും ബിസിനെസ്സ് ചെയ്യുക എന്ന എന്റെ ഉപദേശം അവര്‍ എന്നെപ്പോലും അമ്പരപ്പിച്ച് കൊണ്ട് അംഗീകരിച്ചത്. അപ്പോഴും ഞങ്ങളെ കുഴക്കിയ ഒരു പ്രശ്നം എന്ത് ബിസിനസ് ചെയ്യും എന്നതായിരുന്നു.ഒരു വേള കള്ളക്കടത്ത് ചെയ്താലോ എന്ന് വരെ ചിന്തിച്ചു അപ്പോഴും എന്തെടുത്ത് ‘കടത്തും‘ എന്നതായിരുന്നു അവിടേയും പ്രശ്നം.അങ്ങിനെ തീരുമാനമൊന്നും ആവാതെ കാജാ വില്‍സുകള്‍ എന്തിനോ വേണ്ടി എരിഞ്ഞു തീര്‍ന്നു.കുഞ്ഞാനിക്കാന്റെ ചായക്കടയിലെ സമോവറില്‍ വെള്ളം പിന്നേയും പിന്നേയും തിളച്ചു. ഷൊര്‍ണൂര്‍ ത്യശുര്‍ റൂട്ടില്‍ ബസ്സുകള്‍ ശരവര്‍ഷങ്ങളായി പാഞ്ഞു,ചേലക്കര റോഡിന് വികസനം ഉണ്ടായില്ലെങ്കിലും റോഡിലെ ഗട്ടറുകള്‍ അനുദിനം വികസിച്ച് കൊണ്ടിരുന്നു. എന്നിട്ടും ഞങ്ങള്‍ക്ക് ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞില്ല.

അങ്ങിനെയിരിക്കെ ഊത്രാളിക്കാവു വേലയുടെ ദിവസവും പരിപാടികളും അറിയിച്ച് കൊണ്ട് നോട്ടീസടിച്ച് പിരിവിനായി ഒരു വിഭാഗം വാഴക്കോട് വഴി വന്നത്. പൂരം കാണാന്‍ പോകുക എന്ന പതിവു പരിപാടിയില്‍ നിന്നും വ്യത്യസ്ഥമായി ആ പോക്കില്‍ നിന്നും ഒരു ബിസിനസ് തുടങ്ങാനുള്ള മൂലധനം എങ്ങിനെ കണ്ടെത്താം എന്നായി പിന്നീടുള്ള ചിന്തകള്‍. കൂട്ടത്തില്‍ എ ഇ ഐ ഒ യു പാഠം ചൊല്ലിയും തല്ലിയും പഠിച്ച ഞാന്‍ നാളെ ഇമ്മിണി ബല്യ ആളാകും എന്ന് കരുതപ്പെട്ടിരുന്നതിനാല്‍ എന്നിലുള്ള അമിത പ്രതീക്ഷയില്‍ ഞാന്‍ എന്തേങ്കിലും നല്ല ഐഡിയ പറയും എന്ന് കരുതിയ അവരെ ഞാന്‍ നിരാശപ്പെടുത്തിയില്ല. ചായക്കട, ഹല്‍വക്കച്ചവടം , സൊഡാ സര്‍വ്വത്ത് എന്തിനധികം കപ്പലണ്ടി മിഠായി വില്‍ക്കുന്ന ബിസിനസിനെ പറ്റി പ്രൊജെക്റ്റ് അവതരിപ്പിച്ചു.ഇതില്‍ നിന്നും ക്ലൂ ഒന്നും കൊടുക്കാതെ തന്നെ സോഡാ സര്‍വ്വത്ത് വിറ്റ് ബിസിനസ് മൂലധനം കണ്ടെത്താം എന്ന് തീരുമാനമായി.ലാഭം കിട്ടുന്ന പണം ബാങ്കില്‍ ഒരു അക്കൌണ്ട് ചേര്‍ന്ന് മൂലധനത്തിലേക്ക് മുതല്‍ കൂട്ടാം എന്ന് വരെ തീരുമാനിച്ചു.അതിന്റെ ഭാഗമായി തുടങ്ങാന്‍ പോകുന്ന ബിസിനസിന് നല്ലൊരു പേരിടാന്‍ തത്വത്തില്‍ ധാരണയായി.അപ്പോള്‍ തന്നെ പേരിന്റെ ചര്‍ച്ചയിലേക്ക് കടന്നു.
മോനുവാണ് ചര്‍ച്ച തുടങ്ങി വെച്ചത്,” ഞാന്‍ പറയാണെങ്കില്‍ പള്ളീലെ മുസ്ല്യാരെക്കൊണ്ട് നല്ലൊരു പേര് ഇടീക്കുന്നതല്ലെ? അതാകുമ്പോള്‍ നല്ല അര്‍ത്ഥമുള്ള പേരും ആവും”

“അതൊന്നും വേണ്ടടാ നമുക്ക് മൂന്നാളുടേയും പേരിന്റെ ആദ്യത്തെ അക്ഷരം വരുന്ന പേരിട്ടാലോ?” മുത്തു ചോദിച്ചു.

“നമ്മുടെ മൂന്നാളുടെ പേരും തുടങ്ങുന്നത് ‘എ’ എന്ന അക്ഷരത്തിലല്ലെ. എന്നാ നമുക്കു അര്‍ത്ഥവത്തായ ഒരു പേര് തന്നെ ഇടാം “ത്രീ ആസസ്” ഞാന്‍ ഒന്ന് ആക്കിക്കൊണ്ട് പറഞ്ഞു.

മോനു: ഛേ, അത് വേണ്ട ഈ ആസസ് എന്ന് പറഞ്ഞാല്‍ ഇംഗ്ലീഷില്‍ ചന്തി എന്നല്ലേ അര്‍ത്ഥം!”

“വ്യത്തികെട്ടവന്‍!” ഞാനും മുത്തുവും ഒപ്പം വിളിച്ചു, “ഇംഗ്ലീഷ് ഒരക്ഷരം അറിയില്ലെങ്കിലും സകല വ്യത്തികെട്ട അര്‍ത്ഥവും ആദ്യം പഠിച്ച് വെക്കും! കഴുത!

മോനു: അറിയുന്നതല്ലേ പറയൂ , നീ ആസിന്റെ ശരിക്കുമുള്ള അര്‍ത്ഥം എന്താന്ന് വെച്ചാല്‍ പറ!

“എടാ കഴുത കഴുത കഴുത!“

"ഹ ഹ ഹ ഇപ്പോ ശരിക്കും മനസ്സിലായി, ത്രീ ആസസ്!"

അതോടെ പേരിടീല്‍ കര്‍മ്മവും അവസാനിച്ചു.മൂലധനം ഉണ്ടാക്കിയിട്ട് പേരിട്ടാല്‍ മതി എന്ന് അവസാനം തീരുമാനത്തിലെത്തി.പിന്നീടുള്ള ചര്‍ച്ചക്കള്‍ മുഴുവന്‍ ‘സോഡാ സര്‍വ്വത്ത് മോരും വെള്ളം,നാരങ്ങാ വെള്ളം, സംഭാരം തുടങ്ങീ സാധനങ്ങള്‍ പൂരമാര്‍ക്കറ്റില്‍ വിറ്റ് ലാഭം കൊയ്യുക എന്നത് മാത്രമായിരുന്നു.വീണ്ടും കണക്ക് കൂട്ടലുകള്‍ ലാഭക്കണക്കുകള്‍ എല്ലാം ഹരിച്ചും ഗുണിച്ചും മണിച്ചും നോക്കി. എങ്ങിനെ നോക്കിയാലും കണക്ക് ലാഭത്തില്‍ ചെന്ന് അവസാനിക്കുന്നത് കൊണ്ട് വീണ്ടും വീണ്ടും ലാഭക്കണക്ക് കണ്ട് ഞങ്ങള്‍ ആത്മ നിര്‍വ്യതിയടഞ്ഞു.

സന്തോഷ ജീവിതം നയിച്ചിരുന്ന ബാച്ചിലര്‍ വിവാഹിതനാവാന്‍ തീരുമാനിച്ച പോലെ ഒരു ദുരന്തം ഞങ്ങളും വിളിച്ച് വരുത്തി.വെറുതെ അത് വഴി പോയ ‘അവറുക്ക’ എന്നയാളോട് വെറുതേ ഒരു കുശലന്വേഷണം നടത്തിയതാണ് എല്ലാറ്റിനും കാരണമായത്. ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍ വാതില്‍ തുറന്ന് വരുന്ന പോലെ അവറുക്ക ഞങ്ങളുടെ ചര്‍ച്ചയിലേക്ക് പുത്തന്‍ ഹാര്‍പ്പിക്കുമായി കടന്നു വന്നു. സുനാമിയടിച്ചവനെ പേപ്പട്ടി കടിച്ച പോലെ ഞങ്ങളുടെ പദ്ധതികളെ അവറുക്ക ആകെ അട്ടിമറിച്ചു. കൂടുതല്‍ ലാഭം കിട്ടും എന്ന് പറഞ്ഞ് ഞങ്ങളെ പ്രലോഭിപ്പിച്ചു. ഒടുവില്‍ അവറുക്ക പൂരക്കച്ചോടത്തിന്റെ നേത്യത്വം ഏറ്റെടുത്തു.ഞങ്ങള്‍ കണക്ക് കൂട്ടിയതിനേക്കാള്‍ ഇരട്ടി ലാഭം അവറുക്കാടെ പദ്ധതിയില്‍ നിന്നും കിട്ടും എന്നത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു.

അവറുക്കാനെ കുറിച്ച് പറയുകയാണെങ്കില്‍,വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ ചരിത്രം പറഞ്ഞ പോലെ ഒത്തിരി പറയണം.കൊച്ചിയിലെ തിരക്കുള്ള ബസ്സില്‍ കയറി ഒരു മേനക ഒരു ഷേണോയി എന്ന് പറയുന്നത് കേട്ട് ഒരു അവറു എന്ന് വിളിച്ച് പറഞ്ഞവന്‍ അവറു! വയറിങ്ങ് പണിക്ക് പോയിട്ട് ബള്‍ബ് പോയന്റിലേക്ക് വയറ തികയാതെ വന്നപ്പോള്‍ വയറയ്ക്ക് പകരം ചാക്ക് നൂല് ഏച്ച് കൂട്ടി കണക്ഷന്‍ കൊടുത്തവന്‍ അവറു!ഭാരതപ്പുഴയിലെ മുട്ടോളം വെള്ളത്തില് ‘എട്ടണ‘ പോയപ്പോള്‍ കാല്‍മുട്ട് നനയാതെ മുങ്ങിയെടുത്തവന്‍ അവറു! പള്ള വിശന്നപ്പോള്‍ അഞ്ചാറ് കോമാങ്ങ അണ്ടിയോടെ തിന്നവന്‍ അവറു! ബായക്കോട്ടെ പള്ളീന്ന് പുറത്തിറങ്ങി മേപ്പട്ട് നോക്കിയപ്പോള്‍ തടസ്സം കൂടാതെ ആകാശം കണ്ടവന്‍ അവറു! അവറുക്കാനെ കുറിച്ച് നിങ്ങള്‍ ഈ കേട്ടതെല്ലാം സത്യമാണ് എന്നാല്‍ നുണയുമാണ്!

പതിവു പോലെ അവറുക്ക ചര്‍ച്ചയിലേക്ക് കടന്നു.”നിങ്ങളീ ഉദ്ദേശിച്ച സര്‍വ്വത്ത് കച്ചോടത്തിനും ഞാന്‍ പറഞ്ഞ ഹല്‍വ ഉണ്ടാക്കി വിക്കുന്നതിനും ഒരേ ചിലവാ. ലാഭാണെങ്കില്‍ സര്‍വ്വത്തിനേക്കാള്‍ ഇരട്ടിയും!”

“അതിന് അവറുക്ക ഹല്‍വ ഉണ്ടാക്കാനൊക്കെ അറിയുന്ന ആള് വേണ്ടെ?” ഞാന്‍ ചോദിച്ചു.

“അവറുക്കാക്ക് അറിയാത്ത ഒറ്റ പണിയേ ഈ ദുനിയാവിലുള്ളൂ, എന്താന്നറിയോ?”

അവറുക്കാടെ ആ ചോദ്യത്തിനു മുന്‍പില്‍ ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.അവറുക്ക തുടര്‍ന്നു.

“ചന്ദ്രനിലേക്ക് വിടുന്ന റോക്കറ്റില്ലേ അത് വരെ ഞമ്മള് ഉണ്ടാക്കും പക്ഷേ അത് പറത്താനുള്ള എണ്ണ കിട്ടാത്തോണ്ട് ഞമ്മള് മെനക്കെടുന്നില്ല എന്നേയുള്ളൂ.പിന്നെയല്ലേ ഹലുവ ഉണ്ടാക്കുന്നത്?

“അല്ല അവറുക്കാ, ഹലുവ ഉണ്ടാക്കാന്‍ എന്തൊക്കെ സാധനങ്ങളാ വേണ്ടത്?”

“അങ്ങനെ ചോദിക്ക് മാനേ, ദേ ഇത്തിരി പഞ്ചാര, ഇത്തിരി മൈദ, ഇത്തിരി എണ്ണ പിന്നെ കളറ്, ഇത്രേം ഉണ്ടെങ്കില്‍ നമ്മക്ക് കെട്ട് കെട്ടായിട്ട് ഹലുവ ഉണ്ടാക്കാം ഏത്?

ഈ ഡൈലോഗ് ഞാന്‍ ഇതിന് മുമ്പ് എവിടേയോ കേട്ടിട്ടുണ്ടല്ലോ എന്നോര്‍ത്തപ്പോഴേക്കും നാടോടിക്കാറ്റിലെ ശങ്കരാടിയുടെ ഡൈലോഗ് ഓര്‍മ്മ വന്നു, ദേ ഇത്തിരി കാടി,ഇത്തിരി കടല പ്പിണ്ണാക്ക്,ഇത്തിരി വൈക്കോല്, ഇതങ്ങട് കൊടുത്താല്‍ പാലിങ്ങനെ ശറ പറാന്ന് കറക്കാം! അതേ അതേ ഡൈലോഗ് തന്നെ!അല്ലെങ്കിലും അച്ചപ്പത്തിനും കുഴലപ്പത്തിനും ഒരേ അച്ചല്ലല്ലോ! ഞങ്ങളുടെ ഐശ്വര്യത്തിന്റെ ശബ്ദം അവറുക്കാടെ രൂപത്തില്‍ വന്നതല്ലെന്ന് ആര് കണ്ടു.അങ്ങിനെ ഊത്രാളി പൂരത്തിന് ഹലുവ ഉണ്ടാക്കി മുടിഞ്ഞ ലാഭം കൊയ്യാമെന്ന പ്രത്യാശയില്‍ ഞങ്ങള്‍ അന്നത്തേയ്ക്ക് പിരിഞ്ഞു.

ഊത്രാളിക്കവു പൂരത്തിന്റെ തലേന്ന് തന്നെ പൂരപ്പറമ്പില്‍ പോയി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഷെഡ്ഡ് കെട്ടി.പിറ്റേന്ന് അതി രാവിലെത്തന്നെ അവറുക്കാടെ ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുമായി ഞങ്ങള്‍ അവറുക്കാനേയും കൂട്ടി പൂരപ്പറമ്പില്‍ എത്തി. അടുപ്പില്‍ വലിയൊരു ചെമ്പ് (ചരുവം) വെച്ച് അവറുക്ക ഹലുവ ഉണ്ടാക്കിത്തുടങ്ങി. ചില ഘട്ടങ്ങളില്‍ ഞങ്ങളും അവറുക്കാനെ അസിസ്റ്റ് ചെയ്തു. അടുപ്പത്തുള്ള സാധനം അടിയില്‍ കരിഞ്ഞ് പിടിക്കാതിരിക്കാന്‍ ഞങ്ങള്‍ മൂന്ന് പേരും മാറി മാറി ഇളക്കി ഊപ്പാടിളകി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഞാന്‍ അവറുക്കാട് ചോദിച്ചു, “അല്ല അവറുക്കാ, കളറ് ഇത്തിരി കുറവുണ്ടോ?”
ഇത് കേട്ടതും അവറുക്ക ചെറുതായൊന്ന് ചൂടായിക്കൊണ്ട്,
“കളറ് കുറവുണ്ടെങ്കി നമുക്ക് ‘ഉജാല’മുക്കാടാ. ഹലുവ കട്ടയാകാണ്ട് നിക്കുമ്പഴാ അവന്റെ ഒരു കളറ്”

അവറുക്കാടെ ചൂടാവലില്‍ നിന്നും എന്തോ പന്തികേടുണ്ടെന്ന് ഞങ്ങള്‍ മനസ്സിലാക്കി.ലാഭം മാത്രം നോക്കി ബിസിനസിന് ഇറങ്ങരുതെന്ന ഗുണപാഠം അപ്പോ തന്നെ ഞങ്ങള്‍ പഠിച്ചു.സമയം പിന്നേയും കഴിഞ്ഞു. അവറുക്ക ചരുവത്തില്‍ ഇളക്കിക്കൊണ്ടിരിക്കുകയാണ്, ഹലുവ ഉറക്കുന്നില്ല! അവറുക്ക അവസാനം ചരുവത്തില്‍ മന്ത്രിച്ചൂതി, പിന്നെ അടുപ്പില്‍ ഊതി, നോ രക്ഷ. അലുവ പായസം കണക്കെ ഒരു കുറുക്കായി മാറി.ഞങ്ങള്‍ മസാല പടത്തില്‍ ഇപ്പോ ബിറ്റ് വരും ഇപ്പൊ ബിറ്റ് എന്ന പ്രതീക്ഷയില്‍ ഹലുവയാകുന്നതും കാത്ത് ചരുവത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു.

പൂരപ്പറമ്പില്‍ ആളുകള്‍ കൂടിത്തുടങ്ങി. സമയം ഉച്ചയോടടുത്തു. അവറുക്ക പ്രതീക്ഷയോടെ ഇളക്കിക്കൊണ്ടിരിക്കുകയാണ്.പക്ഷേ ഹലുവ കട്ടയായില്ല.ഞങ്ങള്‍ അടൂര്‍ പടത്തിലെ സീന്‍ പോലെ ഇടയ്ക്കിടയ്ക്ക് ഒരക്ഷരം ഉരിയാടാതെ പരസ്പരം നോക്കിക്കൊണ്ടിരുന്നു.അവസാനം അത് സംഭവിച്ചു.ഞങ്ങളെല്ലാവരും കൂടി ചരുവം അടുപ്പില്‍ നിന്നും ഇറക്കി വെച്ചു.അവറുക്ക ഞങ്ങളെ വെട്ടിച്ച് ഓടിക്കളയുമോ എന്ന് വരെ ഞങ്ങള്‍ സംശയിച്ചു.എന്നാല്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തലയില്‍ ഒരു തോര്‍ത്തെടുത്ത് ഒരു കെട്ടും കെട്ടി അവറുക്ക ഷെഡ്ഡിന്റെ മുന്നിലേക്ക് നിന്ന് ഒരു വലിയ തവിയെടുത്ത് ചരുവത്തിലിട്ട് നീട്ടി വിളിച്ചു!
“അവിടെ കിട്ട്യാ, നല്ല ചൂടുള്ള സാധനം കഴിച്ചിട്ട് പോകാം, കടന്ന് വരൂ കടന്ന് വരൂ വളരെ സ്പെഷലായി തയ്യാറക്കിയ “ഹലുവക്കഞ്ഞി“ കുടിച്ചിട്ട് പോകാം. കടന്ന് വരൂ കടന്ന് വരൂ. പാത്രവുമായി വന്നാല്‍ പാര്‍സല്‍ തരുന്നതാണ്, അവിടെ ഹലുവക്കഞ്ഞി ഹലുവക്കഞ്ഞി ചൂടുള്ള ഹലുവക്കഞ്ഞ്യേ. വിലക്കുറവേ വിലക്കുറവേ....”

കുറിപ്പ്: ഒരു ബിസിനസ് പൊളിയാന്‍ അധികം സമയമൊന്നും വേണ്ട. എന്റെ ബലമായ സംശയം അമേരിക്ക സാമ്പത്തികമായി പൊളിയാന്‍ കാരണമായതിനു പിന്നില്‍ ഏതെങ്കിലും അവറുസായിപ്പ് ആയിരിക്കുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. വിശ്വാസം! അതല്ലേ എല്ലാം

No comments: