ഓണ്‍ലൈനിലെ സുഹൃത്തുക്കള്‍ ഒത്തുച്ചേര്‍ന്നു
നസീഫ് സി
പലരും തമ്മില്‍ നല്ല പരിചയമാണ്. പക്ഷെ തമ്മില്‍ കാണുന്നത് ഇതാദ്യം. കണ്ടപ്പോള്‍ പലര്‍ക്കും അത്‌ഭുതം. പിന്നീടവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിശേഷങ്ങള്‍... പറഞ്ഞുവരുന്നത് ഇന്റര്‍നെറ്റിലെ പ്രശസ്‌ത മലയാളി കൂട്ടായ്‌മയായ കേരള ജോളി ഫ്രണ്ട്‌സിന്റെ യു എ ഇ, റിയാദ് സംഗമങ്ങളെക്കുറിച്ച്.
ഗൂഗിള്‍ ഗ്രൂപ്പില്‍ മലയാളികളുടെ ഏറ്റവും പ്രശസ്‌തമായ കൂട്ടായ്‌മയായ കേരള ജോളി ഫ്രണ്ട്‌സിന്റെ രണ്ടാമത് യു എ ഇ സംഗമം കഴിഞ്ഞദിവസം ദുബായിലെ സബീല്‍പാര്‍ക്കില്‍ നടന്നപ്പോള്‍, റിയാദിലെ സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് സൗഹൃദം പങ്കിടുന്നുണ്ടായിരുന്നു. ഒരേസൗഹൃദകൂട്ടായ്‌മയിലെ അംഗങ്ങള്‍ ഒരേസമയം ദുബായിലും റിയാദിലും ഒത്തുച്ചേര്‍ന്നത് വ്യത്യസ്‌തമായ അനുഭവമായി.
ഏകദേശം അയ്യായിരത്തോളം അംഗങ്ങളാണ് ജോളി ഫ്രണ്ട്‌സിലുള്ളത്. കേരള ജോളി ഫ്രണ്ട്‌സിന്റെ ജിദ്ദ, ഖത്തര്‍, കുവൈറ്റ് സംഗമങ്ങള്‍ അടുത്തിടെ നടന്നിരുന്നു. ഗൂഗിള്‍ ഗ്രൂപ്പിന് പുറമെ കേരള ജോളി ഇമെയില്‍ ഫ്രണ്ട്‌സ് എന്ന പേരില്‍ ഫേസ്‌ബുക്കിലും ഈ കൂട്ടായ്‌മ സജീവമാണ്. കഴിഞ്ഞ ഡിസംബറില്‍ കേരള ജോളി ഫ്രണ്ട്‌സിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംഗമം സാമൂഹ്യക്ഷേമവകുപ്പിന്റെ മഹിളാമന്ദിരത്തിലാണ് നടന്നത്. മഹിളാമന്ദിരത്തിലെ അംഗങ്ങളോടൊപ്പം ചെലവഴിച്ച്, അവര്‍ക്ക് ഒരുനേരത്തെ ഭക്ഷണം നല്‍കിയുമാണ് കേരളജോളി സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്നത്.
രാഷ്‌ട്രീയം, സിനിമ അങ്ങനെ മതം ഒഴികെയുള്ള എന്തുവിഷങ്ങളെക്കുറിച്ചും കേരളജോളി കൂട്ടായ്‌മയില്‍ ചര്‍ച്ചയാകാറുണ്ട്. ഓണ്‍ലൈന്‍ വഴി പലരാജ്യത്തിരുന്നുള്ള ചര്‍ച്ച പലപ്പോഴും കലഹമായി മാറാറുണ്ട്. എന്നാല്‍ രാഷ്‌ട്രീയത്തില്‍ വ്യത്യസ്‌ത കാഴ്‌ചപ്പാടാണെങ്കിലും കേരള ജോളി ഫ്രണ്ട്‌സിന് സൗഹൃദത്തിന്റെ കാര്യത്തില്‍ ഒരു മനസാണ്. അതുകൊണ്ടാണ് ഇടയ്‌ക്കിടെ ഇത്തരത്തില്‍ വ്യത്യസ്‌തമായ സുഹൃദ്‌സംഗമങ്ങള്‍ നടത്താന്‍ കേരള ജോളി ഫ്രണ്ട്‌സ് അംഗങ്ങള്‍ക്ക് സാധിക്കുന്നത്. ഏകദേശം മൂന്നുമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്‌ചയാണ് ദുബായിലും റിയാദിലും നടന്നത്. ഒടുവില്‍ പിരിയുമ്പോള്‍, ഒരു വാക്ക് മാത്രമായിരുന്നു എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്, വീണ്ടും കാണണം...